Friday, June 27, 2008

വീര യോദ്ധാവിന് ആദരപൂര്‍വ്വം

ഇന്ത്യയുടെ ചരിത്രത്തില്‍ വളരെ അപൂര്‍വമായ, തിളക്കം ഏറെയുള്ള ഒരു പട്ടാള വിജയത്തിന്റെ ശില്പി, ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ശ വിട പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണ ഇന്ത്യ ഉള്ളിടത്തോളം കാലം നിലനില്കട്ടെ.

ഇന്ത്യക്കാര്‍ ഓര്‍മ്മകള്‍ സുക്ഷിക്കാനും, ആദരനീയരെ ബഹുമാനിക്കാനും മടിയുള്ള കൂട്ടത്തിലാണ്. ആ പതിവു നമ്മുടെ നേതാക്കള്‍ ഇത്തവണയും തെറ്റിച്ചില്ല. ഇന്ത്യയില്‍, അവശേഷിച്ചിരുന്ന ഒരേ ഒരു ഫീല്‍ഡ് മാര്‍ഷലിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തത് കേന്ദ്ര മന്ത്രിസഭയിലെ ഒരു ജൂനിയര്‍ മന്ത്രി മാത്രം. സൈനികര്‍ കൊടുക്കുന്ന ഗാര്‍ഡ് ഓഫ് ഓണരില്‍ തല കറങ്ങി വീണ ഒരു രാജ്യ രക്ഷ മന്ത്രി ഭരിക്കുമ്പോള്‍, ഇതും സംഭവിക്കാം. പക്ഷേ ഇവിടെ കേന്ദ്രം ഭരിക്കുന്നവരും, തമിഴ്നാട്‌ സംസ്ഥാന സര്‍ക്കാറും വീഴ്ച വരുത്തിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ജയിച്ച യുദ്ധത്തിലെ വീര നായകനെ ഓര്‍ത്തിലെങ്ങില്‍, നമുക്കു വേണ്ടി ദിനംതോറും മരിച്ചു വീഴുന്ന സാധാരണ പട്ടാളക്കാരെ ആരോര്മിക്കും?

ഇദ്ദേഹത്തിനു രാജ്യം ബഹുമതികള്‍ ചാര്‍ത്തി കൊടുതിരുന്നലോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. പക്ഷെ അവയെല്ലാം മുപ്പത്തി അഞ്ചു കൊല്ലത്തിനു മുന്പേ ആയിരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ എന്നെന്നും നിലനില്കുന്ന വിജയത്തിന്റെ അമരകാരന്‍ മരിച്ചു പിറ്റേന്ന് തന്നെ മറവിയില്‍ താഴ്നു പോകരുതായിരുന്നു. ഇതു ഒരു വ്യക്തിക്ക് കൊടുക്കുന്ന ആദരവ്‌ മാത്രമല്ല, അദ്ദേഹത്തോടൊപ്പം പോരാടിയ എല്ലാവരോടും രാജ്യത്തിനുള്ള കടപാട് വ്യക്തമാക്കാനുള്ള അവസരം കൂടി ആയിരുന്നു.

ദിനംതോറും നടക്കുന്ന ലഹളകളിലും, ബോംബ് സ്ഫോടനങ്ങളിലും നൂറു കണക്കിന് മുഖമില്ലാ മനുഷ്യര്‍ ചത്തൊടുങ്ങുന്നു. അവരില്‍ ഒരാളെ പോലും ജീവിച്ചിരിക്കുന്ന ആരും ഓര്‍ക്കാറില്ല. ഫലമോ, ലഹളകളും ബോംബ് സ്ഫോടനങ്ങളും നിത്യ സംഭവങ്ങള്‍ ആയി. അത് പോലെ തന്നെ നമുക്കു വേണ്ടി ജീവിതം ഹോമിച്ചവരെയും, ത്യാഗങ്ങള്‍ സഹിച്ചവരെയും ഓര്മിചിലെങ്ങില്‍, കീഴ്പെടലുകളുടെയും അടിമതത്ത്തിന്റെയും ചരിത്രം ഇനിയും ആവര്‍ത്തിച്ചേക്കാം.