Friday, July 18, 2008

രണ്ടാമന്റെ സ്ഥാനം

കേരം തിങ്ങും കേരള നാട്ടില്‍ നല്ല ഒരു ജോലി, സ്വന്തം വീട്ടില്‍ താമസം, അമ്മ വെച്ചുണ്ടാക്കി തരുന്ന വിഭവങ്ങള്‍ വെട്ടി വിഴുങ്ങല്‍ ഇവയെല്ലാം തികഞ്ഞു വന്നപ്പോള്‍, സാധാരണ ഉണ്ടിരിക്കുന്ന നായന്മാര്ക് മാത്രം വിധിച്ചിട്ടുള്ള ആ വിളി, നസ്രാണിയായ മത്തായിക്കും തോന്നി. അതെന്തെന്നാല്‍, അമേരിക്കയില്‍ പോകണം, അവിടുത്തെ നല്ല ഒരു സര്‍വകലാശാലയില്‍, പേരും പട്ടവും ഉള്ള ഒരു പ്രൊഫസറുടെ കീഴില്‍ പഠിക്കണം, പറ്റിയാല്‍ ഒരു PhD എടുക്കണം.

വിളി വന്നാല്‍ വെറുതെ ഇരിക്കുന്നവനല്ല മാത്തന്‍, അവന്‍ മല്‍സര പരീക്ഷകള്‍ മത്സരിച്ചെഴുതി, പണ്ടു ക്ലാസ്സ് കട്ട് ചെയ്യുകയോ, കയറിയ ക്ലാസ്സില്‍ നിന്നും ഇറക്കി വിടുകയോ ഒക്കെ ചെയ്ത പ്രഫസ്സര്മാരുടെ കയ്യില്‍ നിന്നും ശുപാര്ശ കത്ത് വാങ്ങി, ഡോളറിനു 45 രൂപ വിലയുള്ള കാലത്ത്, തുക കണ്ടമാനം ചിലവാക്കി, സായിപ്പിന്റെ നാട്ടിലെ കൊറേ കോളെജ് കളിലേക്ക് അപേക്ഷ അയച്ചു. അതോടു കൂടി പൈസയെല്ലാം തീര്ന്നു കളസം കീറിയതോടെ, അമേരിക്കയില്‍ പോയി പഠിക്കുക എന്ന സ്വപ്നം അവസാനിക്കേണ്ടതായിരുന്നു. പക്ഷെ, അപേക്ഷ അയച്ചു മൂന്നു നാല് മാസം കഴിഞ്ഞപ്പോള്‍, അമേരിക്കയുടെ ഒത്ത നടുക്കുള്ള, റോക്കി പര്‍വതനിരകളുടെ അടുത്തുള്ള ഒരു സര്‍വകലാശാലയില്‍ നിന്നും അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള എഴുത്ത് വന്നു. ഇതിനിടെ ഇന്റര്‍നെറ്റു, ഈമൈയിലും വഴി പരിചയപെട്ട അവിടുത്തെ ഒരു ജര്‍മന്‍ പ്രോഫസ്സരുടെ (പേരും പട്ടവും ഉള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ) സഹായവാഗ്ദാനവും ഉണ്ടായിരുന്നു - അവിടെ ചെന്ന്, അദ്ദേഹത്തിന്റെ കൂടെ പണിയെടുത്താല്‍, പഠിക്കാനുള്ള ഫീസും, കഞ്ഞിക്കുള്ള കാശും തരാം.

നെറ്റില്‍ ഒന്നു കൂടി തപ്പി നോക്കിയപ്പോള്‍, കൂടുതല്‍ വിവരങ്ങള്‍ കിട്ടി - ഈ സര്‍വകലാശാല, ആഗോള പ്രശസ്തി നേടിയിട്ടുള്ളത് പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ്. ഒന്നാമത്തേത് ഭൌതിക ശാസ്ത്ര ഗവേഷനശാലക്ക് (ലവിടെ ആണ് ഗവേഷണത്തിന്റെ ഒരു ഭാഗം അരങ്ങേറുന്നത്), രണ്ടാമത്തേത് അവിടം രസകരമായ പാര്‍ട്ടികള്‍ നിറഞ്ഞ ഹിപ്പികളുടെ ആവാസസ്ഥലം ആണെന്നു, ടൌണ്‍ മുഴുവന് കാര്‍ണിവല്‍ സമയത്തെ ഗോവ പോലെയാണ്. രണ്ടും മത്തായിയെ സന്തുഷ്ടനാക്കി എന്ന് പറഞ്ഞാല്‍ മതി. നാട്ടി‌ലുള്ള ജോലി രാജി വെച്ചതും, വിസ അടിപ്പിച്ചതും ഒക്കെ പെട്ടെന്നായിരുന്നു.

അങ്ങിനെ അങ്കവും കാണാം, (നല്ല)താളിയും ഒടിക്കാം എന്നൊക്കെ സ്വപ്നം കണ്ടു, അതുവരെ ബസ്സില്‍ മാത്രം സഞ്ചരിച്ച മാത്തന്‍, എയര്‍ബസ്സില്‍ കയറി, കൊച്ചി-ബോംബെ-ലണ്ടന്‍ വഴി, ഒരു ശനിയാഴ്ച, ഈ മലമൂട്ടില്‍ എത്തി. സ്വര്‍ഗത്തില്‍ എത്തിയപോലെ തോന്നി മാത്തന് - പത്തു കൊച്ചി എയര്‍ പോര്ട്ടിന്റെ അത്രയും വലുപ്പമുള്ള എയര്‍ പോര്‍ട്ട്‌, ഡ്രൈവര്‍ ഇല്ലാതെ തനിയെ ഓടുന്ന എയര്‍ പോര്ടിലെ ട്രെയിന്‍ ,എട്ടുവരി പാതയിലുടെ തലങ്ങും വിലങ്ങും പായുന്ന ഭീമന്‍ കാറുകള്‍, തുണിക്ക് ക്ഷാമം ഉണ്ടെന്നു തോന്നിക്കുന്ന വിധത്തില്‍ വസ്ത്രധാരണം ചെയ്തു നടക്കുന്ന ഒറിജിനല്‍ (നാടനല്ല) മദാമമാര്‍. ആനന്ദാതിരേകതില് പൂസായ മത്തായി, അന്ന് മുതല്‍ മലമൂട്ടില്‍ മത്തായി എന്ന് സ്വയം പേരിട്ടു, മാമ്മോദീസ മുങ്ങി.

തിങ്ങലാഴ്ച്ച നല്ല ദിവസം, നല്ല നേരം നോക്കി, കുളിച്ചു കുറിതൊട്ട്, പ്രഫസ്സരെ അങ്ങോരുടെ ഓഫീസില്‍ പോയി കണ്ടു. 10' X 20' ഉള്ള ഒരു മുറി മുഴുവന്‍, അലമാരകള്‍, മേശകള്‍, കസേരകള്‍ തുടങ്ങി, നിലത്തും, ജനലപടിയിലും വരെ അസാരം പുസ്തകങ്ങല്‍, പേപ്പറുകള്‍. അതാണ് ആശാന്റെ ഓഫീസ്. ഈ പുസ്തക കൂംബാരതിനടിയില്‍, ഒരു കമ്പ്യൂട്ടര്‍ ടേബിള്‍, അതില്‍ മുന്ന് വലിയ കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍, രണ്ടു ലാപ്ടോപുകള്‍, അതിനടുത്ത്, തുവെള്ള തലമുടിയും, ഒരു കൊച്ചുകുഞ്ഞിന്റെ കുസൃതി ഒളിഞ്ഞു കിടക്കുന്ന വെള്ളാരം കണ്ണുകളും, എഴുപത്തി അഞ്ചു വയസു പ്രായവും ഉള്ള ജര്‍മന്‍ പേരുള്ള പ്രൊഫസര്‍. മാന്യദേഹം, സൌമ്യ സംഭാഷണം. നാട്ടിലെ പ്രോഫസര്മാരെ പോലെ യാതൊരു ജടുപിടാലിട്ടിയും കണ്ടില്ല.

ലാബുകള്‍ എല്ലാം കാണിച്ചു തന്നതിന് ശേഷം, എനിക്കായി ഒരുക്കി വെച്ചിട്ടുള്ള ഓഫീസ് കാണിച്ചു തന്നു, കൂടെ പണിയെടുക്കാന്‍ പോകുന്ന ചൈനീസ്, ജാപ്പനീസ് വംശജരായ അര ഡസന്‍ മിണ്ടാപൂതങ്ങളെ പരിചയപെടുത്തി തന്നു (ഇവര്‍ എങ്ങിനെ മിണ്ടാപൂതങ്ങള്‍ ആയി എന്നത് കൂടുതല്‍ വായിച്ചാല്‍ മനസ്സിലാകും). ശേഷം തന്റെ ഓഫീസില്‍ തിരികെ കൊണ്ടുവന്ന പ്രൊഫസര്‍ പറഞ്ഞു, ക്ലാസ്സുകള്‍ തുടങ്ങാന്‍ അടുത്ത ആഴ്ച്ചയാകും, അതുവരെ പോയി അടിച്ച് പൊളിച്ചു ആഘോഷിക്കു. മത്തായിയുടെ മനസ്സില്‍ മത്താപ്പ്‌ കത്തി - പോയി അടിച്ച് പൊളിക്കാന്‍ ഇങ്ങോട്ടാവശ്യപ്പെട്ടുന്ന ഒരു പ്രൊഫസര്‍. സ്ഖോലര്ഷിപിന്റെ കൊറച്ചു കാശു അഡ്വാന്‍സായി തരുകയും ചെയ്തു, പുണ്യാത്മാവ്.

ഗുരുവിന്റെ ഏതാഗ്രഹവുമ് സാധിപിച്ചു കൊടുക്കേണ്ടത് ശിഷ്യന്റെ ചുമതലയാണല്ലോ, അതിന്‍ പ്രകാരം പട്ടണം ചുറ്റി കാണാന്‍ പോയി. ബാറായ ബാര് മുഴുവനും നിരങ്ങി. ഡ്രൈവേര്‍സ് ലൈസന്സ്, ക്രെഡിറ്റ് കാര്ഡ്, എന്നിവ ഇല്ലാത്തതിനാല്‍, ഒരു തുള്ളി പോലും മോന്താന്‍ പറ്റിയില്ല. പകരം, പീനസ്തനികളും, അല്പവസ്ത്ര ധാരിനികളുമായ അനേകം മദാമാമരുമയ് സൊള്ളി, അവരുമായി ഇമെയില്‍ ഐ.ഡി. കൈമാറ്റം ചെയ്തു. തന്റെ പൂര്‍വികരായ നംബുരിമാരെ പോലെ നാടുനീളെ സംബന്തവുമായി, അര്‍മാദിച്ചു നടക്കുന്ന ദിനങ്ങള്‍ മത്തായി സ്വപ്നം കണ്ടു. ഡ്രൈവേര്‍സ് ലൈസന്സ് എത്രയും പെട്ടെനെടുത്തു, ഒരു കാര്‍ സ്വന്തം ആകാന്‍ ഉള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്തു, കാരണം അതിലെങ്ങില്‍ ഇവിടെ മനുശേനു പുല്ലു വിലയാണ്. നാലു ദിനം കടന്നു പോയതറിഞ്ഞില്ല.

സ്വപ്‌നങ്ങള്‍ മലര്പൊടികാരന്ടെതു മാത്രമല്ല, മത്തായിയുടെതായാലും വ്രഥാ വ്യായാമങ്ങള്‍ ആണെന്ന് ക്ലാസ്സ് തുടങ്ങിയപ്പോള്‍ മനസ്സിലായി. ആകെ മുന്ന് വിഷയങ്ങള്‍, അതില്‍ പ്രധാനം കഞ്ഞിക്കുള്ള കാശു തരുന്ന പ്രൊഫസര്‍ സാറിന്റെത് തന്നെ. ഒരു മണിക്കൂര്‍ നീളമുള്ള ലെക്ചര്‍ മിക്കവാറും മുന്ന് മണിക്കൂര്‍ വരെ നീളും. എല്ലാ ആഴ്ച്ചയുടെയും തുടക്കത്തില്‍ മൂന്നു ചോദ്യങ്ങള്‍ മാത്രം ഉള്ള ഒരു അസ്യ്ന്മേന്റ്റ്. ചോദ്യങ്ങള്‍ ഒരു പേജ് ഒരിക്കലും കവിയില്ല. എന്നാല്‍ ഉത്തരം കണ്ടുപിടിക്കുക എന്നത് മഹാ ബുദ്ധിമുട്ടുള്ള പരിപാടിയാണ് - ലൈബ്രറിയില്‍ കയറി വമ്പന്‍ പുസ്ടകങ്ങള്‍ കണ്ടുപിടിച്ചു, വായിച്ചു, ഉള്ള ബുദ്ധി മുഴുവന്‍ ഉപയോഗിച്ചു, രാത്രി പകലാക്കി വേണം ഈ മുന്ന് ചോദ്യത്തിന് ഉത്തരമെന്ന് തോന്നുന്നത് കണ്ടു പിടിക്കാന്‍. ഉത്തരമെന്ന് തോന്നുന്നത് എന്ന് പറഞ്ഞതു, ഇദ്ദേഹത്തിന്റെ ചില ചോദ്യങ്ങള്‍ വരുന്നതു അപ്പോള്‍ ലാബില്‍ ചെയ്യുന്ന പരീക്ഷണങ്ങളെ അസ്പദമാക്കിയയിരിക്കും, അവക്കുള്ള ഉത്തരം വേറെ എവിടെയും തപ്പി നോക്കിയാല്‍ കിട്ടുകയും ഇല്ല. നാട്ടില്‍ എഞ്ചിനീയറിംഗ് പഠിച്ച കാലത്ത്, കാമ്പസിലെ തെങ്ങുകളിലെ തേങ്ങ മോഷണം സ്വയം തൊഴിലായി തിരഞ്ഞെടുത്തു കാലം കഴിച്ച്പോള്‍ (ആ കഥ പിന്നിടൊരിക്കല്‍), ഇങ്ങിനെ ഒരു ദശാസന്ധി വന്നു ഭവിക്കുമെന്നു കരുതിയിരുന്നില്ല. ഇമ്മാതിരി വേറെ രണ്ടു വിഷയങ്ങള്‍ കൂടി ഒരു സെമസ്റ്ററില്‍ ഉണ്ട്.

ക്ലാസ്സെന്ന മാരണത്തിന് പുറമെ ആണ് പ്രഫസ്സറുടെ കീഴിലുള്ള അടിമ പണി, അതിനെ റിസര്‍ച്ച് എന്നും വിളിക്കാറുണ്ട്. പുതിയതായി വരുന്ന വിദ്യാര്‍ത്ഥികളെ, രണ്ടു കൊല്ലം തന്റെ കീഴില്‍ പണി എടുപ്പിച്ചു, നല്ലവണ്ണം പതം വരുത്തിയതിനു ശേഷമേ, PhD ലാബില്‍ കയറ്റൂ വെല്ലാരംകണ്ണന്‍. ഈ രണ്ട് കൊല്ലം പണിയെടുത്തു നട്ടെല്ല് പൊട്ടിയാല്‍, PhD സ്വപ്നം സ്വാഹ, വെറും മാസ്റെര്സും കൊണ്ടു പുറത്തു പോകാം. അഥവാ PhD ലാബില്‍ കയറ്റിയാല്‍ തന്നെ, ഡിഗ്രി കിട്ടാന്‍, പിന്നെയും അഞ്ചു, അഞ്ചര വര്ഷം പിന്നെയും പിടിക്കും. കഥകളി ഭാഷയില്‍ - പട്ടിക്കാംതൊടി ആശാന്റെ കീഴില്‍ കല്ലുവഴിചിട്ടയിലുള്ള അദ്ധ്യാപനം. ഈ വിവരമൊന്നും, കോഴ്സിനു ചേരാന്‍ നേരം പ്രൊഫസര്‍ പറഞ്ഞിരുന്നില്ല എന്നത് പ്രത്യേകം ഓര്മ വേണം. തേക്കു - മാഞ്ചിയം പദ്ധതിയില്‍ ഉള്ള കാശു മുഴുവന്‍ ഇറക്കിയ മലയാളിയുടെത് പോലെയായി മത്തായിയുടെ സ്ഥിതി - കടിച്ചതും ഇല്ല, പിടിച്ചതാനെങ്ങില്‍ പുളികൊമ്പെന്നു വിചാരിച്ചു, നിറയെ പുളിയന്‍ ഉറുമ്പുള്ള കൊമ്പില്‍. ഇനി കടി കൊണ്ടു പലില്ലിച്ചു കാണിച്ചു പിടിച്ചു നില്‍കുക തന്നെ, ആര് കണ്ടാലും ചിരിക്കുകയാന്ന്ണന്നെ വിചാരിക്കൂ.

റിസര്‍ച്ച് എന്നാല്‍ പ്രോഫെസ്സര്‍ക്ക് കോന്ഫെരെന്സുകളില്‍ പ്രസംഗിക്കാനുള്ള പവര്‍ പോയിന്റ് slides തയ്യാറാക്കല്‍, PhD ചെയ്യുന്ന വിദ്വാന്മാരുടെ കണക്കുകള്‍ (calculations), കമ്പ്യൂട്ടര്‍ simulations എന്നിവ ചെയ്തു കൊടുക്കല്‍, പ്രൊഫസറുടെ UG പിള്ളാരുടെ ടെസ്റ്റുകള്‍ ഗ്രേഡ് ചെയ്യല്‍ തുടങ്ങിയ ബുദ്ധി വലിയ അവശ്യം ഇല്ലാത്ത ജോലികള്‍ ആണ് കൂടുതല്‍. പിന്നെ ബുദ്ധിയും വിവരവും നല്ലവണ്ണം ആവശ്യം ഉള്ള രണ്ടു സംഗതികള്‍ കൂടി ഉണ്ട്. ആഴ്ചയില്‍ ഒരു തവണ തന്റെ ശിഷ്യ ഗണങ്ങളെ ഒക്കെ ഒരുമിച്ചു കൂട്ടി വെള്ളാരം കണ്ണന്‍ ഒരു മീറ്റിങ്ങ് വിളിക്കും. അതില്‍ ആണ് അങ്ങോര്‍ തനിക്ക് തോന്നുന്ന പുതിയ ആശയങ്ങള്‍ പുറത്തെടുകുന്നത്. തല കുലുക്കി കേട്ടാല്‍ പോര, ഈ പറയുന്ന ഓരോ കാര്യങ്ങളെ കുറിച്ചും എല്ലാവരുടെ മുന്നില്‍ വെച്ചും സംസാരിക്കണം - critical evaluation എന്നാണ് ഈ വധത്തിന്റെ പേരു. ഇവിടെ സംസാരിക്കാന്‍ കുറച്ചു വിവരം വേണം, ഇല്ലെങ്ങില്‍ പൊട്ടന്‍ ആണെന്ന വിവരം എല്ലാവരും അറിയും. സംസരിചിലെങ്ങിലോ, പ്രഫസ്സര്‍ ഇങ്ങോട്ട് ചോദ്യം ചോദിക്കുകയും ചെയ്യും. മിണ്ടിയാലും ഇല്ലെങ്ങിലും കുറ്റം. മറ്റൊന്ന് UG പിള്ളാരുടെ സംശയങ്ങല്ക് മറുപടി കൊടുക്കുകയന്നെതാണ്, നല്ല ഉത്തരം കൊടുതിലെങ്ങില്‍ അവന്മാര്‍ പ്രൊഫസറുടെ അടുത്ത് പരാതി പറയും, മത്തായിയുടെ കഞ്ഞിയില്‍ പാറ്റ വീഴും. ചുരുക്കത്തില്‍, പണ്ടു റിച്ചാര്‍ഡ്‌ ഫെയ്ന്മാന്‍ പറഞ്ഞ പോലെ, മിണ്ടാതിരുന്നു കണക്കു ചെയ്യുന്ന (shut up and calculate ) ഒരു യന്ത്രമായി മാറി മത്തായിയും. പ്രൊഫസറുടെ കീഴില്‍ പണിയെടുകുന്ന മറ്റൊരു മിണ്ടാപ്രാണി. പീനസ്തനികളും, അല്പവസ്ത്ര ധാരിനികളും സ്വപ്നത്തില്‍ നിന്നു പോലും അപ്രത്യക്ഷരായി.

ഇത്രയൊക്കെ പറഞ്ഞാലും, പ്രഫസ്സറുടെ പ്രധാന സ്വഭാവ സവിശേഷത ആകുന്നില്ല. താന്‍ ചെയ്യുന്ന റിസര്‍ച്ച് പ്രൊജക്റ്റ്‌ഉകള്‍ ലോകത്തിലേക്കും വെച്ചേറ്റവും മിഖ്‌ാച്ച്ചതായിരിഖ്‌ാനം, അതില്‍ കുറഞ്ഞതൊന്നും അങ്ങോര്ക് പിടികില്ല. ആ നിര്‍ബ്ബന്ധ ബുദ്ധി കാരണം വലഞ്ഞത്, അങ്ങോരുടെ അടിമപണി ചെയ്യുന്ന മത്തായി ഉള്‍പെടെ ഉള്ള ഭൂത ഗണമാണ്‌. അങ്ങിനെ ഇരിക്കുമ്പോള്‍ ആണ്, പ്രോഫെസ്സര്ക് ഫ്രാന്‍സില്‍ ഒരു കോണ്‍ഫറന്‍സ് അറ്റന്‍ഡ് ചെയ്യാന്‍ ക്ഷണം വരുന്നതു. അങ്ങോര്‍ ഫ്രെന്ച്ച് ഗവണ്മെന്റ്ഇന്റെ ഒരു ലാബുമായി സഹകരിച്ചു എന്തോ ഒരു പ്രൊജക്റ്റ്‌ ചെയ്യുനുണ്ട്. ആ പദ്ധതിയുടെ പുരോഗമനം വിലയിരുത്താനായി കൂടിയാണ് ഫ്രാന്‍സില്‍ പോകുന്നത്. ഈ പ്രോജെക്ടില്‍ ഒരു ചിനകാരന്‍ PhD കാരന്‍ ജോലി ചെയ്യുനുണ്ട്. അത് കൊണ്ടു തന്നെ ഇത്തവണ പവര്‍ പോയിന്റ് slides ഉണ്ടാക്കുന്ന ജോലി അവന് വന്നു ഭവിച്ചു. അവന്റെ റിസര്‍ച്ച് പ്രൊജക്റ്റ്‌ evaluation കൂടി ആണിത്. രണ്ടാഴ്ച നേരത്തേക്ക് അവന് ഊണും ഉറക്കവും കുളിയും തെളിയും ഒന്നും ഇല്ലായിരുന്നു. രണ്ടാഴ്ചകൊടുവില്‍ അവന്റെ evaluation നടക്കുന്നതിനു തൊട്ടു മുന്പ് പ്രൊഫസര്‍ പ്രമാണിച്ച് ഓഫീസില്‍ വന്നു. അടുത്ത ഓഫീസുകളില്‍ ജോലി ചെയ്യുന്ന എല്ലാവരും അവനോടു പ്രൊഫസര്‍ എന്ത് പറയും എന്നറിയാന്‍ കാതു കൂര്‍പ്പിച്ചിരുന്നു.

സംഗതിയുടെ പോക്ക് തീരെ ശരിയല്ല എന്നത് ആദ്യം തന്നെ എല്ലാവര്ക്കും പിടി കിട്ടി. ശാന്തനെങ്ങിലും (ശാന്തം പാപം!) പ്രഫസ്സറുടെ ഒരു കുറിക്കു കൊള്ളുന്നവ, അവയ്ക്ക് മുന്നില്‍ ചീനകാരന്‍ മുട്ട് മടക്കുന്നു. എല്ലാത്തിനും ഒടുവില്‍, ആ പ്രൊഫസര്‍ പറഞ്ഞ വാചകങ്ങള്‍ മത്തായിയുടെ തലയില്‍ മായാതെ പതിഞ്ഞു - "I want it to be the best, nothing below the best is acceptable. The place for the second best is in history's dustbin." ("ഡേയ് ചീനകാര, കോപ്പിയടിച്ചാല്‍ ഒന്നാം സ്ഥാനകാരനാകാന്‍ സാധികയില്ല. അതിന് മൂള വേണം. അതിലാത്തവന്‍ ഈ പണിക്കു വരരുതു. ലാല്‍ സലാം!"). ചീനകാരന്‍, പിന്നെ കൊറേ കാലത്തേക്ക് ആരുടേയും മുഖത്ത് നോക്കിയിരുന്നില്ല. ചരിത്രത്തിന്റെ ചവറ്റുകൊട്ട എന്ന പ്രയോഗം നാട്ടിലെ കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞു കേട്ട പരിചയമുള്ളത് കൊണ്ടു, മത്തായി അത് ഒട്ടും മറന്നില്ല.

ആ ജര്‍മന്‍ പ്രഫസ്സറുടെ ഒരു സ്വഭാവ വൈകല്യമായി അത് ഞങ്ങള്‍ മിണ്ടാപൂതങ്ങള്‍ കണക്കാകി. പിന്നെയും ഒരു സെമസ്റ്റര്‍ കടന്നു പോയി. അതിലും മേല്‍ വിവരിച്ച പോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍. മഞ്ഞു കാലം കഴിഞ്ഞു , ഹേമന്ത ഋതുവില്‍ ആണ് രണ്ടാം സെമസ്റ്റര്‍ അന്ത്യം. ആ സെമസ്റ്റര്‍ അവസാനം, പ്രഫസ്സറുടെ ഭൂത ഗണത്തില്‍ പെട്ട ഒരു ജപ്പാന്കാരന്‍, PhD അവസാനിപിച്ചു ഗ്രാജു പ്രഫസ്സറുടെ വീട്ടില്‍. അത് പ്രമാണിച്ച്, സെമസ്റ്റര്‍ അന്ത്യത്തില്‍ പ്രഫസ്സറുടെ വീട്ടില്‍ ഒരു സായംകാല വിരുന്നുണ്ടായിരുന്നു.

മുന്ന് കഷ്ണം സ്യുട്ട്, കഴുത്തില്‍ കോണാന്‍ എന്നിവ സഹിതം മത്തായിയും ഹാജര്‍ ആയിരുന്നു പാര്‍ട്ടിക്ക്. കൃത്യം ഏഴ് മണിക്ക്, മോക്ഷം പ്രാപിച്ച ജപ്പാന്കാരന് champagne toast കൊടുത്തതിനു ശേഷം, പ്രഫസ്സറുടെ ഭാര്യ (മറ്റൊരു പ്രൊഫസര്‍) പാകം ചെയ്ത നാലു കോര്സുള്ള സുഭിക്ഷവും, രുചികരവും ആയ അത്താഴം. കത്തിയും മുള്ളും ഉപയോഗിച്ചു നടന്ന ആക്രമണത്തില്‍, മത്തായി ഭാരതാംബയുടെ അഭിമാനം കാത്തു. അത്താഴത്തിനു ശേഷം, ഒരു വലിയ വട്ട മേശക്കു ചുറ്റുമിരുന്നു, പ്രോഫെസ്സരും, ഭാര്യയും ശിഷ്യഗണങ്ങളും കൂടി ചര്ച്ച, വീഞ്ഞ് കുടി. മര്‍ക്കടസ്യ സുരാപാനം തരമായപോള്‍, മത്തായിയുടെ നാക്കിലെ ഗുളികന്‍ കയറി ഗോളടിച്ചു. ലവന്‍ ചോദിച്ചു - "എന്തിനാണ് സര്‍, താങ്കള്‍ ചെയുന്ന എല്ലാ കാര്യങ്ങളിലും ഒന്നാമന്‍ ആകെണമെന്നു നിഷ്കര്ഷികുന്നത്? രണ്ടാമന്റെ സ്ഥാനം ചവറ്റു കൊട്ടയില്‍ ആന്നെനു പറയുന്നതിന്റെ ഉദ്ദേശം എന്താണ്?" സാറും നാട്ടിലെ കമ്മ്യൂണിസ്റ്റുകാരന്‍ ആണോ എന്ന് ചോദിയ്ക്കാന്‍ വന്നത്, സ്ഥലകാല ബോധം വന്നതിനാല്‍, മത്തായി പാടു പെട്ടടക്കി.

പ്രൊഫസര്‍ ഒന്നു അമ്പരനെങ്ങിലും, നല്ല മൂഡില്‍ ആയിരുന്നതിനാല്‍, ഒന്നു ചിരിച്ചു. എന്നിട്ട് ഒരു കഥ പറഞ്ഞു.

1950 കളുടെ അവസാനത്തില്‍, ലോകത്തിലെ ഒന്നാം നിര സര്‍വകലാശാലകളില്‍ നിന്നും നേടിയ ഡിഗ്രീകളുടെ ബലത്തില്‍ പ്രൊഫസര്‍ ഞങ്ങളുടെ കോളേജില്‍ പ്രൊഫസര്‍ ആയി നിയമനം കിട്ടി. ചുവപ്പ് ഭയത്തിന്റെ (red scare ) കാലമായിരുന്നു തുടര്നുള്ള പതിറ്റാണ്ടുകള്‍. അത് കൊണ്ടു തന്നെ, റഷ്യയെ മാറി കടക്കാന്‍, ഏത് റിസര്‍ച്ച് പ്രൊജെക്ടിനുമ് അമേരിക്കന്‍ ഗവണ്മെന്റ് വാരിക്കോരി കാശു കൊടുക്കുന്ന കാലം. അത് പ്രകാരം കാശു കൊറേ കിട്ടിയപ്പോള്‍, പ്രൊഫസര്‍ തുടങ്ങിയത് സെമി-കണ്ടക്ടര്‍ ഗവേഷണത്തിന് വേണ്ട ഒന്നാതരം ഒരു ലാബ്‌. 1970 കളുടെ തുടക്കത്തില്‍, അങ്ങോരുടെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ്, സെമി-കണ്ടക്ടര്‍ രംഗത്ത് ഒരു നൂതന സാങ്കേതിക വിദ്യക്ക് ജന്മം കൊടുത്തു. മൂപ്പര്‍ സന്തോഷത്താല്‍ തുള്ളി ചാടി. കണ്ടുപിടിത്തത്തിന്റെ ലഹരിയില്‍, സംഗതി ഒരു പേപ്പര്‍ ആയി പ്രസിധികരികാന്‍ കുറച്ചു കാലതാമസം നേരിട്ടു. എന്തായാലും കണ്ടു പിടിച്ചല്ലോ, ഇനി പ്രസിദ്ധികരണം കുറച്ചു താമസിചായാല്ലും, പ്രശ്നം ഒന്നും ഇല്ലാന്ന് കരുതി. പ്രഫസ്സര്ക് അറിയാവുന്ന വലയത്തില്‍ പെട്ട യൂറോപ്പ്, അമേരിക്ക, റഷ്യ എന്നീ പ്രദേശങ്ങളില്‍ ഒന്നും തന്നെ ഇതു മാതിരി ഒരു കണ്ടു പിടുത്തത്തിനു ചാന്‍സ് കുറവാണു. പക്ഷെ, ഈ കാലത്തിന്നടിയില്‍, ജപ്പാനില്‍ ഒരു കൂട്ടര്‍ സമാനമായ കണ്ടെത്തല്‍ നടത്തുകയും, അവര്‍ അത് വേഗം പബ്ലിഷ് ചെയ്യുകയും ചെയ്തു.

ശാസ്ത്ര ലോകത്ത്, ആദ്യം കണ്ടുപിടുത്തം നടത്തിയാല്‍ മാത്രം പോര, അവയെ ആദ്യം ലോകത്തെ അറിയിക്കയും വേണം, അതാണ് പ്രധാനം. എന്നാലെ ഒന്നാമന്‍ ആകാന്‍ പറ്റു. അങ്ങിനെ ഒന്നാമന്‍ ആയ ജപ്പാന്കാരനും കൂട്ടരും കുറച്ചു വര്‍ഷത്തിനു ശേഷം, ഈ കണ്ടുപിടുത്തത്തിന്, നോബല്‍ സമ്മാനം നേടുകയും ചെയ്തു.

കഥയവാസിനിപ്പിച്ചു പ്രൊഫസര്‍ പറഞ്ഞു - "രണ്ടാമന്റെ സ്ഥാനം ചവറ്റു കുട്ടയില്‍ തന്നെ". കപ്പിനും ചുണ്ടിന്നും ഇടയില്‍ വെച്ചു നഷ്ട പെട്ട ആ നോബല്‍ സമ്മാനം അദ്ദേഹത്തിന്റെ വെള്ളാരം കണ്ണുകളെ ഈറന്‍ അനിയിചിരുന്നുവോ? അറിയില്ല. ശബ്ദം അപ്പോഴും സൌമ്യം ആയിരുന്നു.

ഒരുകാലത്തും ഒന്നാമന്‍ ആകാന്‍ ചാന്സില്ലാത്തവന്‍ - മത്തായി, PhD എടുക്കാതെ പഠിത്തം അവസാനിപ്പിച്ചു എന്ന് പറഞ്ഞാല്‍ കഥക്കു ഫുള്‍ സ്റ്റോപ്പ്.

13 comments:

Bindhu Unny said...

സ്റ്റൈലല്‍ എഴുത്ത്, മത്തായീ. ഇനീം പോരട്ടെ :-)

ഭൂമിപുത്രി said...

ഇതുപോലെ മറ്റൊരു കഥയും കേട്ടിട്ടുണ്ട് മത്തായിച്ചാ.
ഇവിടെനോക്കു
സ്വയം മാറ്ക്കറ്റ് ചെയ്യാനാറിയാത്തതുകൊണ്ട്,ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിയ്ക്കാന്‍ വിസ്സമ്മതിച്ചത് കൊണ്ട്,(അണിയറക്കഥകളിങ്ങിനെ)Nobel prize നഷ്ട്ടപ്പെട്ടുപോയഒരു മലയാളി ശാസ്ത്രജ്ഞനെ അധികമാരും അറിയാന്‍ വഴിയില്ല

മലമൂട്ടില്‍ മത്തായി said...

@ബിന്ദു - പോസ്റ്റ് വായിച്ചതിനും കമന്റു ചെയ്തതിനും നന്ദി. ഇനിയും എഴുതാന്‍ ശ്രമിക്കാം.

@ഭുമിപുത്രി - ലിങ്ക് തന്നത് വായിച്ചു. ഓരോ നോബല്‍ സമ്മാനത്തിനു പുറകിലും ഇങ്ങനെ മറവിയില്‍ പോയ നൂറു പെരെങ്ങിലും കാണും. പക്ഷെ എഴുപത്തി അഞ്ചാം വയസില്ലും ഈ കഥയിലെ പ്രൊഫസര്‍ വളരെ കാര്യശേഷിയുള്ളവനായിരുന്നു, ഇപ്പോഴും അവിടെ പഠിപ്പിക്കുന്നു :-)

കുതിരവട്ടന്‍ | kuthiravattan said...

കിടിലന്‍ എഴുത്ത് മത്തായി :-)

ഇരട്ടി മധുരം.. said...

എവിടെയാണ് വിശുദ്ധ മത്തായിച്ചന്റെ വീട്?

മലമൂട്ടില്‍ മത്തായി said...

@ഇരട്ടി മധുരം - എന്റെ വീട് തൃശ്ശൂര് ടൌണി തന്നെ ആണ്. കൊക്കലക്കും രൌണ്ടിനും ഇടയ്കാണ്. കറക്റ്റ് സ്ഥലം പറയാന്‍ പറ്റില്ല :-)

Raghavan P K said...

വായനയൊക്കെ കുറച്ചോണ്ടിരിക്കുന്ന സമയത്താണ് മത്തായിചരിതത്തിലേക്ക് വന്ന് പെട്ടത്.അനുഭവങ്ങള്‍‌‌ പങ്കു വെക്കുന്നതില്‍ മത്തായിക്ക് നല്ല കഴിവുണ്ടെന്ന് പറഞാല്‍‌ അതിശയോക്തിയാവില്ല.വിവരണം നന്നായി.
അവിടെ പി എച്ച് ഡി എടുക്കാന്‍ കഴിയില്ലെങ്കില്‍‌ വേറെ യൂനിവെര്‍സിറ്റി ശ്രമിക്കുന്നുണ്ടാകുമെന്ന് വിശ്വസിക്കാം.

Inji Pennu said...

മത്തായി :)

Haree said...

ഗുണപാഠം: ശാസ്ത്ര ലോകത്ത്, ആദ്യം കണ്ടുപിടുത്തം നടത്തിയാല്‍ മാത്രം പോര, അവയെ ആദ്യം ലോകത്തെ അറിയിക്കയും വേണം, അതാണ് പ്രധാനം. എന്നാലെ ഒന്നാമന്‍ ആകാന്‍ പറ്റു.

കഥകളി ഭാഷയില്‍ - പട്ടിക്കാംതൊടി ആശാന്റെ കീഴില്‍ കല്ലുവഴിചിട്ടയിലുള്ള അദ്ധ്യാപനം. - :-)
--

Prof.Mohandas K P said...

പ്രിയ മത്തായീ
എഴുത്തു ഉഗ്രന്. നല്ല സ്റ്റൈലന് ഭാഷ. പലപ്പോഴും യാദ്രിശ്ചിക സംഭവങ്ങളാണു നമ്മുടെ ജീവിതത്തിന്റെ ഒഴുക്കു നിയന്ത്രിക്കുന്നതു.
ആശംസകള്. എഴുതുക, വീണ്ടും എഴ്തുക. നിങ്ങളില് ഒരു എഴുത്കാരനെ ഞാന് കാണുന്നു

മലമൂട്ടില്‍ മത്തായി said...

@raghavan P K: PhD ചെയ്യാന്‍ എന്തായാലും തല്‍കാലം പ്ലാന്‍ ഒന്നും ഇല്ല. പഠിചെടത്തോളം നല്ല രസത്തില്‍ പഠിച്ചു, അത് തന്നെ ഭാഗ്യം.
@Inji Pennu, @Haree: കമന്റിനു നന്ദി.
@Malathi & Mohandas: കമന്റിനും പ്രോത്സാഹനത്തിനും നന്ദി.

Anonymous said...

Ithu vaayichittu prathekichonnum thonnuniillenta mathayicho.....

Yukthivadhi

kichu / കിച്ചു said...

മത്തായി

നല്ല എഴുത്ത്. സ്വന്തം അനുഭവമാണല്ലൊ അങ്ങനെ പറയാന്‍ പ്രൊഫസ്സറെ പ്രേരിപ്പിച്ചത്.