Tuesday, August 19, 2008

ഒരു മലകയറ്റം

മലമൂട്ടില്‍ ആണ് താമസം എങ്കിലും മലകയറ്റം ഒരു വിനോദമായി കാണാന്‍ മത്തായിക്ക് മനസ്സില്ലായിരുന്നു. കണ്ട മലയൊക്കെ കയറാന്‍ താന്‍ മലയണ്ണാന്‍ ഒന്നുമല്ല എന്നതായിരുന്നു മത്തായിയുടെ പക്ഷം. പക്ഷെ ഓര്‍ക്കാപ്പുറത്ത് ഒരു വമ്പന്‍ മല കയരേണ്ടാതായി വന്നു. എന്നാല്‍ ആ കയറ്റത്തിനെ കുറിച്ചു നാലാള്‍ അറിയണമല്ലോ; അതിനാണീ പോസ്റ്റ്.

എല്ലാ ചൊവാഴ്ചയും ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സംഭവിക്കുന്ന ഒരു തീറ്റ-കുടി അടിയന്തിരമാണ് ഞങ്ങളുടെ ടീം മീറ്റിങ്ങ്. മൂത്താശാരി, കീഴില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ തച്ചന്മാരെ എല്ലാം വിളിച്ചു വരുത്തി ഊണ് തരുന്നു - മേമ്പൊടിയായി പ്രൊജക്റ്റ്‌ സ്റ്റാറ്റസ്, സിനിമ നിരുപണം, പരദൂഷണം തുടങ്ങി വേണ്ടാത്തതും, വേണ്ടാത്തതും ആയ കാര്യങ്ങള്‍ ചര്ച്ച ചെയുന്നു, അടുത്ത മീടിങ്ങിനുള്ള മെനു തീരുമാനിച്ച ശേഷം പിരിയുന്നു. ഇതാണ് സമ്പ്രദായം. അങ്ങിനെ കഴിഞ്ഞ ജൂലൈ 22 ആം തീയതി നടന്ന മീറ്റിങ്ങില്‍ മൂത്താശാരി ഒരു ചോദ്യം ചോദിച്ചു - ആര്ക്കെങ്ങിലും ലോങ്ങ്സ് പീക്ക്‌ കയറാന്‍ താല്പര്യമുണ്ടോ? ആഗ്രഹം ഉള്ളവര്‍ക്ക് ആഗസ്റ്റ്‌ ഒന്നാം തീയതി വെള്ളിയാഴ്ച മൂപ്പരോടൊപ്പം മലകയറാന്‍ പോകാം. മലയടിവാരം വരെ മൂപ്പരുടെ ഐരാവത സമാനമായ ഫോര്‍ഡ് എക്സ് പെടിശന്‍ കാറില്‍ പോകാം. ഒറ്റ തടിയും (മോശമില്ലാത്ത തടിയാനെ) അന്തവും കുന്തവും ഇല്ലാത്തവനും ആയ മത്തായി ഉടനെ ചാടി കയറി സമ്മതം അറിയിച്ചു. ഒന്നുമിലെങ്ങിലും മൂത്താശാരി അറിഞ്ഞു വെള്ളിയാഴ്ച ദിവസം ജോലി കട്ട് ചെയാമല്ലോ. മാത്രമല്ല, മലകയറ്റത്തിന്റെ ക്ഷീണം പറഞ്ഞു ശനിയാഴ്ച ജോലിക്ക് വരാതെ മൊത്തം ഒരു ദിവസം മുഴുവനും മൂടി പുതച്ചു കിടന്നുറങ്ങാം. കൂടെയുള്ള തച്ചന്മാരും, തച്ചികളും മിണ്ടാതെ ഊണ് കഴികുന്നത് മത്തായി കണ്ടില്ല. തച്ചി എന്നൊരു വര്‍ഗം ഉണ്ടോ എന്നറിയില്ല, എന്തായാലും കിടക്കട്ടെ, പെണ്ണെഴുത്തിന്റെ (political correctness) കാലമല്ലേ.

പിന്നീടുള്ള ദിവസങ്ങളില്‍ ആണ് സങ്ങതിയുടെ കിടപ്പ് വശം പിടികിട്ടിയത്. ലോങ്ങ്സ് പീക്ക്‌ (ലോങ്ങ്സ് പീക്ക്‌) എന്നത് റോക്കി മൌന്ടൈന് നാഷണല്‍ പാര്‍കില്‍ സമുദ്ര നിരപ്പിനു 14259 അടി മുകളില്‍ സ്ഥിതി ചെയുന്ന ഒരു പര്‍വത ശിഖരമാണ്. മലകയറ്റം ആരംഭികുന്നത് 9540 അടിയില്‍ സ്ഥിതി ചെയുന്ന ഫോരെസ്റെര്‍ ഓഫീസ് പരിസരത്ത് നിന്നും. 7.5 മൈല്‍ ഇരു ദിശകളിലുമായി മൊത്തം 15 മൈല്‍ നടക്കുകയോ മലകയരുകയോ വേണം. വൈകുംനെരങ്ങളില്‍ ഓര്‍ക്കാപുറത്ത് ഇടിമിന്നല്‍, മഴ, മഞ്ഞു വീഴ്ച മുതലായ അത്യാഹിതങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വൈകീട്ട് നാലു മണിക്ക് മുന്പായി മലയിറങ്ങി തിരികെ എത്തണം. അതിനാല്‍ കയറ്റം തുടങ്ങുന്നത് രാവിലെ രണ്ടു - രണ്ടര മണിയോടെ ആയിരിക്കും. വഴിയില്‍ കഴിക്കാനുള്ള സംഗതികള്‍, ധാരാളം വെള്ളം (5 ലിറ്റര്‍ എങ്കിലും) കരുതണം. നിര്‍ജലീകരണം, തളര്‍ച്ച എന്നിവ വന്നാല്‍ സഹായം വളരെ ദൂരത്താണ്. എന്തായാലും വെച്ച കാല്‍ പുറകോട്ടിലെന്നു മത്തായി തീര്‍ച്ചയാക്കി (കളരി പരമ്പര ദൈവങ്ങലാനെ.....).

മൊത്തം അഞ്ചു പേരാണു ടീമില്‍ ചേര്‍ന്നത്‌ - മൂത്താശാരി, മത്തായി, ഗവേഷണ വിഭാഗത്തിലെ ഒരു പെണ്ണുമ്പിള്ള എന്നിവര്‍ മൂത്താശാരിയുടെ കാറില്‍ തലേ ദിവസം തന്നെ ഫോരെസ്റെര്‍ ഓഫീസില്‍ ചെന്നു തമ്പടികുന്നു, നക്ഷത്രാന്കിതമായ ആകാശത്തിനു ചുവടെ സ്ലീപിന്ഗ് ബാഗില്‍ കിടന്നുറങ്ങി വിശ്രമിക്കുന്നു. ഭാക്കിയുള്ള രണ്ടുപേര്‍ - സോഫ്റ്റ്‌വെയര്‍ തച്ചനായ വേറൊരു ഇന്ത്യകാരനും (ലവന്‍ വേറൊരു ടീമില്‍ നിന്നു) ഭാര്യയും ഒന്നാം തീയതി അതിരാവിലെ ഞങ്ങളുടെ കൂടെ ചേരും. അവര്‍ അവരുടെ കാറില്‍ വരുന്നു, അതില്‍ തിരികെ പോകുന്നു. കയറ്റത്തിന് ഇടയില്‍ ആര്കെന്കിലും വയ്യ എന്ന് തോന്നിയാല്‍ ഒന്നുകില്‍ തിരികെ വന്നു കാറില്‍ കയറി തിരികെ പോകാം, അല്ലെങ്ങില്‍ ഒരു തണല്‍ - അത് ചിലപ്പോള്‍ വല്ല പാറയുടെതാനെങ്ങില്‍ പോലും, കണ്ടുപിടിച്ചു അവിടെ തങ്ങി, കയറ്റം കഴിഞ്ഞു തിരികെ വരുന്ന കൂട്ടരുടെ കൂടെ തിരികെ ചെന്നു മൂത്താശാരിയുടെ ഐരവതത്തില്‍ കയറാം.


തലേന്ന് വൈകീട്ട് ഞങ്ങള്‍ മൂന്നു പേരും വേറൊരു കൂട്ടുകാരന്റെ വീട്ടില്‍ നിന്നും നല്ല ഒരു തട്ട് തട്ടി, രണ്ടു വീതം ബിയര്‍ അടിച്ച്, US-36, US-7 എന്നീ പ്രകൃതി രമനീമായ വഴികളിലുടെ കാര്‍ ഓടിച്ചു പോയി, രാത്രി ഉദ്ദേശം 10:45 മണിക്ക് ഫോരെസ്റെര്‍ ഓഫീസ് പരിസരത്ത് ചെന്നു. അവിടെ ചെന്നപ്പോള്‍, പായവിരികാന്‍ പോയിട്ട്, വണ്ടി പാര്ക്ക് ചെയ്യാന്‍ തന്നെ സ്ഥലം കഷ്ടി. അടുത്ത ദിവസത്തെ മഴയും കോളും ഒഴിഞ്ഞ കാലാവസ്ഥ എല്ലാ സായിപ്പന്മാര്കും ഉത്സാഹം കൊടുത്തത് കൊണ്ടു, എല്ലാവനും ഞങ്ങളെക്കാള്‍ മുന്പേ വന്നു തമ്പടിച്ചിരുന്നു. ഒരുവിധം ഒരു സ്ഥലം കണ്ടെത്തി പാര്ക്ക് ചെയ്തു, വണ്ടിയുടെ പിന്‍സീറ്റ്‌ മുഴുവന്‍ നിരപ്പാക്കി അതിന് മുകളില്‍ മുന്ന് സ്ലീപിന്ഗ് ബാഗ് വിരിച്ചു ഉദ്ദേശം മുന്ന് മണിക്കൂര്‍ നേരത്തേക്ക് കണ്ണടച്ച്. 2 മണി ആയപ്പോള്‍ തന്നെ മറ്റേ ഇന്ത്യകാരന്‍ പൊണ്ടാട്ടി സഹിതം വന്നു വിളിച്ചുണര്‍ത്തി.

2.25 ആകുമ്പോഴേക്കും ശങ്കകള്‍ എല്ലാം തീര്‍ത്തെന്ന് വരുത്തി, പല്ലു പോലും തേകാതെ മത്തായി റെഡി ആയി. മല മത്തായിയുടെ അടുത്ത് ചെന്നിലെങ്ങില്‍ മാത്തന്‍ അങ്ങോട്ട് ചെല്ലും എന്ന ഭീഷണിയുമായി. മൂത്താശാരിയാണ്‌ ഗുരുസ്വാമി. മൂപരോടൊപ്പം തന്നെ GPS കിടുപിടിയും ബാഗില്‍ പിടിപിച്ചു ഗവേഷക, അതിന് പിന്നില്‍ ഭീമനൊരു ബാഗും തോളില്‍ തൂക്കി മത്തായി. ഏറ്റവും പിന്നില്‍ ഭാക്കി ഇന്ത്യകാരനും അവന്റെ വാമഭാഗവും. മത്തായിയുടെ ബാഗില്‍ ഭക്ഷണം, വെള്ളം എന്നീ അത്യാവശ്യ സാധനങ്ങള്‍ക്ക്‌ പുറമെ, ക്യാമറ, അതുവെച്ചു കിടിലന്‍ പോട്ടം പിടിക്കാന്‍ വേണ്ടി വാങ്ങിയ ട്രി പോഡ്, അഥവാ തണുപ്പ് വന്നാല്‍ മൂടാന്‍ വേണ്ടി ഒരു തടിയന്‍ കോട്ട്, തണുപ്പ് കാലത്ത് തലയില്‍ ഇടാന്‍ പറ്റിയ ഒരു തൊപ്പി, ഇനി അഥവാ ചൂടാണ് കൂടുതല്‍ എന്നാല്‍ തലയില്‍ കൂടാന്‍ ഒരു ചൈനീസ് തൊപ്പി, എന്ന് വേണ്ട ലോകത്ത് എന്ത് ആപത്തു വന്നാലും നേരിടാന്‍ തയാറായി തന്നെ ആയിരുന്നു മാത്തന്‍. 10000 അടിക്കു മുകളില്‍ വായു വളരെ നേര്തതാനെന്നും, ആവശ്യത്തിന് മീതെ ഭാരം ചുമന്നാല്‍, തളര്‍ച്ച പെട്ടെന്ന് ബാധിക്കും എന്ന സത്യം അനുഭവിച്ചു തന്നെ അറിയേണ്ടി വന്നു.


ഞെക്ക് വിളക്കിന്റെ സഹായത്തില്‍ മലകയറ്റം തുടങ്ങി. കയറ്റത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു രജിസ്റ്റര്‍ വെച്ചിരുന്നു. ഞങ്ങള്‍ക്ക് മുന്‍പില്‍ പോയവര്‍ എല്ലാം തന്നെ അതില്‍ പേരും അഡ്രസ്സ് തുടങ്ങിയ വിവരങ്ങള്‍ എഴുതി വെക്കുന്നുണ്ടായിരുന്നു. ഗുരുസ്വാമി അതൊന്നും കാര്യമാകിയില്ല.

പോകുന്ന വഴികാണ്, മൂത്താശാരി കയറാനുള്ള വഴിയേ പറ്റി പറഞ്ഞതു. 6.5 മൈല്‍ നടന്നാല്‍ ഏകദേശം 13200 അടി ഉയരത്തില്‍ ഉള്ള മലയടിവാരത്തില്‍ എത്താം. പിന്നെ ബാക്കിയുള്ള വഴി ശരിക്കും കയറ്റം തന്നെ ആണ്. കയറാന്‍ പല വഴികള്‍ ഉണ്ട് - കിഴക്ക് വശത്ത് കൂടി കുത്തനെ ഉള്ള പാറ വഴി പല്ലും നഖവും കയറും കൊളുത്തും ആയി കയറാം. അത് പക്ഷെ പരിശീലനം നേടിയ പര്‍വത ആരോഹകര്‍ക്ക് മാത്രം ഉള്ളതാണ്. പിന്നെ ഉള്ളത് വടക്കു കിഴക്കേ മുലയില്‍ കൂടി മറുകണ്ടം ചാടി, മലയുടെ പള്ളക്ക് കൂടി നടന്നു, 300 അടിക്കു മീതെയുള്ള കുത്തന്നെ ഉള്ള ഒരു പാറകൂട്ടം കയറി, അതിന് ഒത്ത മുകളില്‍ ഉള്ള കീഴ്കംതൂക്കായ ഒരു പാറയുടെ ഇടയില്‍ കൂടി പല്ലും നഖവും ഉപയോകിച്ച് കയറി, വേണ്ടും ദിശ മാറി, കിഴക്കേ പള്ളക്ക് കൂടി പിന്നെയും നടന്നു, കൊറച്ചു കൂടി കയറിയാല്‍ മലയുടെ തലപ്പത്ത്‌ കയറാം. ഇതു കേട്ടപ്പോള്‍ മാത്തന് തോനിയത്, വരുന്നതു വരുന്നെടത് വെച്ചു കാണാം എന്നായിരുന്നു.

മണിക്കൂറില്‍ 1000 അടി ഉയരം, 1.5 മൈല്‍ ദൂരം എന്നിവ കവര്‍ ചെയ്തു, ഏകദേശം 6:30 മണിയോട് കൂടി, ബൌല്ടെര്‍ ഫീല്‍ഡ് എന്ന് പറയുന്ന പാറക്കൂട്ടത്തിന്റെ അടുത്തെത്തി. അവിടെ എത്തിയപ്പോഴേക്കും, ഇന്ത്യകാരന്‍ ഭാര്യക്ക്‌ അസുഖം വന്നതിനാല്‍ ആകദേശം 12000 അടി ഉയരം വരെ വന്നു തിരികെ പോയി എന്ന ഫോണ്‍ സന്ദേശം വന്നു. അവിടെ നിന്നും എടുത്ത ചില ഫോട്ടോകള്‍:


സൂര്യോദയം
ലോങ്ങ്സ് പീക്ക്‌ മലയടിവാരത്തില്‍ നിന്നും.
അടിവാരത്തില്‍ കണ്ട elk കൂട്ടം
കീ ഹോള്‍

ഈ പാറക്കൂട്ടത്തിന്റെ മുകളില്‍ കാണുന്ന താക്കോല്‍ പഴുതിന്റെ ആകൃതിയില്‍ ഉള്ള പാറയുടെ പേരാണു കീ ഹോള്‍. ആകദേശം 13500 അടിയാണ് ഇതിന്റെ ഉയരം. അവിടെ എത്തിയാല്‍ പിന്നെ വലതു തിരിഞ്ഞു മലയുടെ പടിഞ്ഞാറെ പള്ളക്ക് കൂടി രണ്ടു രണ്ടര അടി വീതി ഉള്ള ഒരു പാതയിലുടെ കയ്യും കാലും ഉപയോഗിച്ചു പതുക്കെ കയറി പോകണം. കാലൊന്നു തെറ്റിയാല്‍ 1000 അടി താഴെ ചെന്നു ലാന്‍ഡ്‌ ചെയ്യും, അവിടെ നിന്നും പിന്നെ വടിച്ചെടുത്ത് വട്ടിയിലാക്കി കുഴിയില്‍ വെക്കാം. മലയുടെ പടിഞ്ഞാറെ പള്ളക്ക് നിന്നും എടുത്ത ചില്ല പടങ്ങള്‍.

പടിഞ്ഞാറ് വശത്ത് നിന്നും എടുത്ത ഫോട്ടോ
കൈ വിട്ടാല്‍ 1000 അടി താഴെ.

ഈ ഒരു ഭാഗം കഴിഞ്ഞാല്‍ എത്തുന്നത്‌ trough എന്ന് വിളിക്കുന്ന മിക്കവാറും ചെങ്ങുത്ത്തായ ഒരു പാറക്കൂട്ടം ആണ്. ഇതിന്റെ ഒത്ത മുകളില്‍ ഒരു വലിയ പാറ വഴി മുടക്കി നില്കുണ്ട്. ഞാന്‍ അവിടെ വരെ മാത്രമെ എത്തു എന്ന വിശ്വാസത്തില്‍ ഗുരുസ്വാമി വേഗം കയറി പോയി. സുരക്ഷിതമായ വഴി അടയാളപെടുത്തിയ മാര്കരുകള്‍ നോക്കി ഞാന്‍ പതുക്കെ പിടിച്ചു പിടിച്ചു ഒരു വിധം മുകളിലത്തെ പരയുടെ അടുത്തെത്തി. കൂടെ ഉണ്ടായിരുന്ന വേറെ സായിപ്പന്മാര്‍ കയറുന്നത് നോക്കി പതുക്കെ ഒത്ത മുകളിലത്തെ പാറയും കയറി. അവിടെ വരെ എത്തിയപ്പോഴേക്കും എന്റെ രണ്ടു കാലുകളിലെയും മസിലുകള്‍ പണി മുടക്കാന്‍ തുടങ്ങിയിരുന്നു. പക്ഷെ കൂടെയുള്ള മറ്റു സായിപന്മാര്‍ കൈയടിച്ചു പ്രോത്സതിപിച്ചതിനാല്‍ പിന്നെയും കയറാന്‍ തന്നെ തീരുമാനിച്ചു. അവിടെ നിന്നും എടുത്ത ചില പടങ്ങള്‍:
വീണ്ടും വലതു തിരിഞ്ഞു കിഴക്കേ പള്ളക്ക് കൂടി വീണ്ടും മലയുടെ വശത്ത് കൂടെ പിടിച്ചു പിടിച്ചു അടുത്ത പാരക്കൂട്ടമായ "home stretch" എന്ന് വിളിക്കുന്ന 300 അടി പൊക്കമുള്ള വേറൊരു പാറക്കൂട്ടം. ഇതും ഏകദേശം കുത്തന്നെ ഉള്ള, കടമ്പയാണ്. ഇതിന്റെ ചുവടെ എത്തുമ്പോള്‍ സമുദ്ര നിരപ്പില്‍ നിന്നും ആകദേശം 14000 അടി ഉയരത്തില്‍ എത്തും. ഇവിടെ എത്തുംപ്പോഴേക്കും ശ്വാസം എടുക്കാന്‍ നന്നേ ബുദ്ധിമുട്ടി, എല്ലാവരുടെ സ്ഥിതിയും തുല്യമായിരുന്നു - ഓരോ പത്തടി കയറുമ്പോഴേക്കും രണ്ടു മിനിട്ട് നേരം വിശ്രമിക്കും. പക്ഷെ നല്ല വേഗത്തില്‍ മുകളിലേക്ക് കയറുന്നവരും ഉണ്ടായിരുന്നു. എന്തായാലും എവിടെ ഫോട്ടോ പിടിക്കാന്‍ നിന്നില്ല. മാത്രമല്ല ഇനി മുകളിലേക്ക് കയറാന്‍ കയിലുള്ള ബാഗ് ഒരു സ്ഥലത്തു വെച്ചു, ബാഗില്ലാതെ കയറാന്‍ തീര്‍ച്ച ആക്കി. ക്യാമറ മാത്രം കൈയില്‍ കരുതി.


ഞാന്‍ ആകദേശം മുകളില്‍ എത്താറായപ്പോള്‍, മൂത്താശാരിയും, ഗവേഷകയും മുകളില്‍ നിന്നും താഴേക്ക്‌ വരാന്‍ തുടങ്ങിയിരുന്നു. ഞാന്‍ കയറി വരുന്നതു കണ്ടപ്പോള്‍ മൂത്താശാരി ഇറക്കം നിറുത്തി, എന്റെ കൂടെ കൂടി. ഒരു വിധം മുകളില്‍ എത്തിയതിനു ശേഷം മൂപ്പര്‍ കാര്യം പറഞ്ഞു - ഞാന്‍ അവിടെ വരെ എത്തുമെന്ന് മൂപ്പര്‍ വിചാരിച്ചില്ല, കയറുന്നതിനേക്കാള്‍ പിശകാണ് ഇറക്കം. അതുകൊണ്ട് മൂപ്പരുടെ കൂടെ മാത്രം ഇറങ്ങിയാല്‍ മതി. എന്തായാലും മുകളില്‍ നിന്നും കൊറേ ഫോട്ടങ്ങള്‍ പിടിച്ചു.

മലമുകളില്‍ നിന്നും എടുത്ത ഒരു panned ഷോട്ട്:

തിരികെ ഇറങ്ങാന്‍ നേരം സമയം 11:30, കയറാന്‍ എടുത്തത്‌ മൊത്തം ഒന്‍പതു മണിക്കൂര്‍, അവസാനത്തെ 1000 അടി കയറാനാണ് 5 മണിക്കൂര്‍ സമയം പോയത്.

വേഗം തന്നെ തിരിക്കെ പോകാന്‍ ആയിരുന്നു പ്ലാന്‍ ചെയ്തത്, കാരണം നേരം വൈകിയാല്‍, ചിലപ്പോള്‍ മഴയിലോ, മഞ്ഞിലോ പെട്ട് പോകാം. പക്ഷെ തിരിച്ചു ഇറങ്ങാന്‍ നേരത്ത് എനിക്ക് നിര്‍ജലീകരണം, തളര്‍ച്ച എന്നിവ കാരണം ഒരു പാറക്കെട്ടില്‍ കുടുങ്ങി പോകുകയും ചെയ്തു. തിരിച്ചലോചികുമ്പോള്‍ വളരെ കൌതുകകരമായിരുന്നു സംഗതി - കയ്യില്‍ ഇഷ്ടം പോലെ വെള്ളം ഉണ്ടായിരുന്നിട്ടും എനിക്ക് തോനിയത് എന്റെ കൈവശം തുള്ളി വെള്ളം പോലും ഇല്ലാന്ന്, അതുപോലെ എന്റെ ബാഗില്‍ ഉണ്ടായിരുന്ന കീ റിങ്ങ് മുഴുവന്‍ എവിടെയോ കളഞ്ഞു എന്ന തോന്നല്‍, ഇത്രയും ചെങ്ങുതായ പാറക്കൂട്ടം ഞാന്‍ എങ്ങിന്നെ ഇറങ്ങും എന്ന പേടി. സംഗതി സീരിയസ് തന്നെ ആയിരുന്നു - വേണ്ടത്ര വെള്ളം കുടികുകയോ, ഭക്ഷണം കഴികുകകയോ ചെയ്തിലെങ്ങില്‍ പെട്ടന്ന് തന്നെ നിര്‍ജലീകരണം, തളര്‍ച്ച എന്നിവ തോന്നി തുന്ടങ്ങും, പ്രത്യേകിച്ചും വളരെ പൊക്കത്തില്‍. അതിനോടൊപ്പം തന്നെ 14000+ അടി പൊക്കത്തില്‍ സുര്യന്റെ ചൂടും ഭയാനകമാണ്. ഫലം ചിലപ്പോള്‍ സ്ഥലകാല വിഭ്രാന്തി (hallucination) സംഭവിക്കാം, അപകടങ്ങളില്‍ ചെന്നു ചാടാം. ചെറിയ തോതില്‍ എനിക്ക് സംഭവിച്ചതും അത് തന്നെ ആയിരുന്നു.


എന്തായാല്ലും മൂത്താശാരി നല്ല മനുഷേന്‍ ആയതു കൊണ്ടും, എന്റെ പിറകെ വന്നവര്‍ സഹായിച്ചതിനലും, ഒരു വിധത്തില്‍ മല ഇറങ്ങി. താഴ്വാരത്തില്‍ തമ്പടിച്ചിരുന്ന ചിലരുടെ അടുത്ത് നിന്നും വെള്ളം വാങ്ങി കുടിച്ചു, പതുക്കെ കാറിന്റെ അടുത്തേക്ക് നടന്നു. ഒരുവിധം കാറില്‍ വന്നു കയറിയപ്പോള്‍ സമയം 8:30. ഭാഗ്യത്തിന് മഴയോ മഞ്ഞോ ഒന്നും ഉണ്ടായിരുന്നില്ല. മൊത്തം 18 മണിക്കൂര്‍ നേരത്തെ വ്യായാമം.

തിരിച്ചു വീട്ടില്‍ വന്നതിനു ശേഷമാണ് വിക്കിയില്‍ കയറി ലോങ്ങ്സ് പീകിനെ കുറിച്ചു ഗവേഷണം നടത്തിയത് - കയറ്റം ദുഷ്കരം അന്നെന്നു മാത്രമല്ല, ഒരു കൊല്ലം ശരാശരി ഒരാള്‍ എന്ന നില്ലക്ക് മൊത്തം 55 പേര്‍ ഇതു കയറുന്നതിനടയില്‍ അപകടങ്ങളില്‍ പെട്ട് മരിച്ചിടുണ്ട്. അമ്പത്തി ആറാമന്‍ ആകാന്‍ നല്ല ചാന്‍സ് ഉണ്ടായിട്ടും ദൈവ സഹായത്താല്‍ തിരികെ വന്നതിനാല്‍ മൊത്തം സന്തോഷത്തില്‍ ആയി മാത്തന്‍.


എന്തായാലും ഇനി കൂടുതല്‍ മലകയറാന്‍ ഉള്ള പദ്ധതി ഉണ്ട്. ഏതായാലും ഈ തവണ തട്ടി പോകാതെ ദൈവം കാത്തു. അപ്പോള്‍ അടുത്ത മലകയറ്റം വരേയ്ക്കും ഞാന്‍ സോഫ്റ്റ്‌വെയര്‍ തച്ചന്‍ ആയി കുറച്ചു നേരം ജോലി ചെയട്ടെ.

9 comments:

pradeep said...

"ഒരു മലകയറ്റം” വായിച്ചു കഴിഞപ്പോള്‍ മത്തായിക്കൊപ്പം മല കയറിയ പ്രതീതി.നല്ല വിവരണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വിവരണം.

ഈ Elkനെ കുറച്ചൂടി സൂം ചെയ്ത് എടുക്കാരുന്നില്ലെ? അതുപോലെ panned അത്രയ്ക്കങ്ങട് ശര്യായില്ല. ലവളെന്തിനാ കുറ്റം കണ്ടുപിടിക്കണെ എന്നു ചോദിക്കണ്ട, മലകയറാന്‍ പറ്റാത്തതിലുള്ള അസൂയയാ :)

ജഗ്ഗുദാദ said...

മാത്തച്ചാ കണ്ടത്തില്‍ സന്തോഷം, കമന്റ് ഇട്ടതില്‍ അതിലും സന്തോഷം.. യാത്രാ വിവരണം അതി ഗംഭീരം ആയിട്ടുണ്ട്.. അപ്പോള്‍ കാണാം..

സസ്നേഹം
ജഗ്ഗു ദാദ

മലമൂട്ടില്‍ മത്തായി said...

@പ്രദീപ്: പോസ്റ്റ് വായിച്ചതിനും കമന്റ് ചെയ്തതിനും നന്ദി.

@പ്രിയ ഉണ്ണികൃഷ്ണന്‍: ആ ഇലക്‌ കൂട്ടത്തിനും വളരെ ദൂരെ ആയിരുന്നു ഞാന്‍ നിന്നിരുന്നത്, അതിനാല്‍ എന്റെ ക്യാമറയില്‍ മാക്സിമം സൂം ഇട്ടിട്ടും ഇത്രയെ കിട്ടിയുള്ളൂ. വേറെ ഇലക്‌ ഫോട്ടോകള്‍ കൈവശം ഉണ്ട്, പിന്നീടെപോഴെങ്ങിലും പോസ്റ്റ് ചെയ്യാം. പന്നിന്ഗ് ശരിയാക്കാന്‍ ഇനിയും കാലം കുറെ പിടിക്കും. അഭിപ്രായങ്ങല്കു നന്ദി.

@ജഗ്ഗുദാദ: കമന്റിനു നന്ദി.

Sands | കരിങ്കല്ല് said...

അടിപൊളി മാഷേ! :)

ഡീസന്റ് വിവരണം ... :)

Anonymous said...

Photosellam onninonnu kidilam.

Yukthivadhi

സ്നേഹതീരം said...

ഒരുപാട് ഇഷ്ടമായി.വിവരണത്തിന് ലാളിത്യമുണ്ട്.സൌഹൃദത്തിന്റെ സ്പര്‍ശമുണ്ട്.അഭിനന്ദനങ്ങള്‍ :)

നിലാവ് said...

രസകരമായ വിവരണം. ഫോട്ടോകളും നന്നായിട്ടുണ്ട്.

ഭൂമിപുത്രി said...

ഇതിന്നാണല്ലൊ കണ്ടതു!
ഈ അനുഭവം പങ്കിട്ടത് നന്നായി,
നന്ദി മത്തായി.വിക്കി നോക്കിയത് തിരിയെ വന്നിട്ടായത് ബുദ്ധിയായി.